16 ഒക്‌ടോബർ 2012

കന്നേറ്റിയില്‍ വള്ളം കളി - ഓണപ്പാട്ടുകള്‍ 6


രചന, സംഗീതം - ഇന്ദുശേഖര്‍ എം. എസ് 



കന്നേറ്റിയില്‍ വള്ളം കളി കാണാനെത്തുമ്പോള്‍ കണ്ണില്‍
കാണാതെങ്ങോ മറഞ്ഞു നീ കണ്ണില്‍ നോക്കുമ്പോള്‍
കണ്ണും കണ്ണും കടങ്കഥ പറഞ്ഞിരിക്കെ..ആ
കന്നിച്ചുണ്ടന്‍ മറുകരെ വിജയിചെത്തി
ഓളം തല്ലി പൂരക്കോളോടോരം പറ്റി തുഴയുമ്പോള്‍
ഓണക്കാറിന്‍ കീലും കൊണ്ടാ മഴയുമെത്തി                  [കന്നേറ്റിയില്‍ ...


മണ്ണും പൊന്നാക്കി മിന്നും മാളോരെ
വന്നാ പങ്കായമെറിഞ്ഞു താ ....
വന്നാ പങ്കായമെറിഞ്ഞു താ ....
വിണ്ണില്‍ പെയ്യുന്ന  ചിന്നും മേഘങ്ങ-
ളെല്ലാം പെണ്ണിന്റെ താളത്തിലായ്
എല്ലാം പെണ്ണിന്റെ താളത്തിലായ് 
എന്നുമൊന്നായി നിന്നാല്‍ വന്നെത്തും
അന്നത്തെ പോലെ പൊന്നോണം                                [കന്നേറ്റിയില്‍ ...

പാളും താളങ്ങള്‍ ഓളം തേടുമ്പോള്‍
കാളും ഉള്ളങ്ങള്‍ അറിഞ്ഞു വാ ...
കാളും ഉള്ളങ്ങള്‍ അറിഞ്ഞു വാ ...
തുള്ളും താളത്തില്‍ ഒന്നായ് തുഴഞ്ഞു
പൊള്ളും മനങ്ങള്‍ അറിഞ്ഞു വാ
പൊള്ളും മനങ്ങള്‍ അറിഞ്ഞു വാ
പാലം കടന്നു പോകും കിടാങ്ങള്‍
തേടും വേഗങ്ങളടര്‍ത്തി വാ                                         [കന്നേറ്റിയില്‍ ...

12 ഒക്‌ടോബർ 2012

മഴയില്‍ കുതിര്‍ന്നതോ - ഓണപ്പാട്ടുകള്‍ 5

രചന, സംഗീതം - ഇന്ദുശേഖര്‍ എം. എസ് 

മഴയില്‍ കുതിര്‍ന്നതോ
നിന്‍ തനുവില്‍ പൊടിഞ്ഞതോ
ഈ നനവില്‍ ഞാന്‍ അമരുമ്പോള്‍
എന്‍ മനമുണര്‍ന്നു  സഖീ
കുളിര്‍ തഴുകി നിന്നൂ സുഖം          [ മഴയില്‍

ചേക്കേറാന്‍ പറവകള്‍ തിരികെ പോയ്‌
അന്തിപൊന്‍ ഗോളം കടലില്‍ തിരികെ പോയ്‌
അറിഞ്ഞറിഞ്ഞു നിറഞ്ഞു നിന്നില്‍
മതി മതി ഇന്നിതു മതി
കുളിര്‍ തഴുകി നിന്നൂ സുഖം          [ മഴയില്‍

വാക്കേറേ പറഞ്ഞു തളര്‍ന്നു നീ
അന്തിക്കെന്തേ നീ എന്നില്‍ പരതുന്നു
നിറഞ്ഞു നിറഞ്ഞു പകര്‍ന്നു നിന്നില്‍
മതി മതി ഇന്നിതു മതി
കുളിര്‍ തഴുകി നിന്നൂ സുഖം          [ മഴയില്‍

07 ഒക്‌ടോബർ 2012

താരകങ്ങള്‍ കണ്ണ് ചിമ്മും - ഓണപ്പാട്ടുകള്‍ 4

രചന, സംഗീതം - ഇന്ദുശേഖര്‍ എം. എസ്.

താരകങ്ങള്‍ കണ്ണ്  ചിമ്മും
ശ്രാവണ സന്ധ്യയില്‍
കാത്തിരുന്നതാരയോ നീ
തരളിത ചന്ദ്രികേ
നാലകത്ത് നാലും കൂട്ടി
മുറുക്കുന്ന മുറ ചെറുക്കന്‍
വന്നിടുമോ നിനക്ക് കയ്യില്‍
പുടവ തന്നിടുവാന്‍              [താരകങ്ങള്‍

ഓണമായ്  പൊന്നോണമായ്
കളിയാടാന്‍ വായോ
പാകമായ് നടമാടുവാന്‍
കുളിര്‍ കാറ്റേ വരൂ നീ...
പൂവേ പൊലി പാടുവാന്‍
പൂമുഖത്ത് നിരന്നിടാം
അണയുന്നു പൊന്നോണം
നിനക്ക് പുടവയുമായ്        [താരകങ്ങള്‍

ഓമലാളിന്‍ പൂങ്കിനാവില്‍
കളിയോടം തുഴഞ്ഞു
പാതിരാ മഴ നനഞ്ഞ നിന്‍
തനു കണ്ണിന്‍ പൊന്‍കണി
പൂവേ പൊലി പാടുവാന്‍
പൂമുഖത്ത് നിരന്നിടാം
അരികിലെത്തി പൊന്നോണം
നിനക്ക് പുടവയുമായ്        [താരകങ്ങള്‍