09 നവംബർ 2008

ജൂംല എന്ന സുന്ദരി

ജൂംയെപ്പറ്റി കേട്ടിട്ടുണ്ടോ ? സുന്ദരിയാണവള്‍ ഉടുത്തോരുങ്ങുമ്പോള്‍ ! ലോകം മുഴുവന്‍ ഇവള്‍ക്ക് ആരാധകരുണ്ട് ... ഇവളെ കൂടുതല്‍ സുന്ദരിയും ബുദ്ധിമതിയും ആക്കാന്‍ ഭുലോകത്ത് പലയിടത്തായി ആള്‍ക്കാര്‍ സന്തോഷത്തോടെ പണിയെടുക്കുന്നു.. ആരാണിവള്‍? ഇനി തെളിച്ചു പറയാം... ജൂംല ഒരു സൌജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുലത്തില്‍ പിറന്ന കണ്ടന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആണ്. അതായത് ഒരു ഓപ്പണ്‍ സോഴ്സ്‌ ഉല്പന്നം. ജൂംല 1.5 ആണ് ലേറ്റസ്റ്റ് വെര്‍ഷന്‍. നിങ്ങളുടെ സ്വകാര്യ വെബ് സൈറ്റ് ഏതാനും മണിക്കൂര്‍ കൊണ്ടു ഉണ്ടാക്കി സുഹൃത്തുക്കളെ ഞെട്ടിക്കാം ! അതും ഏറ്റവും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തന്നെ. എന്താ ജൂംലയോട് ഒരു ആരാധനയൊക്കെ തോന്നുന്നുണ്ടോ.

എന്താണീ കണ്ടന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍? വെബ് സൈറ്റുകള്‍ നിര്‍മ്മിക്കുവാനും അതിന്റെ ഉള്ളടക്കം അതാത് സമയങ്ങളില്‍ തിരുത്തി വയ്ക്കുവാനും അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുവാനും സഹായിക്കുന്ന സോഫ്റ്റ്വെയറുകളെയാണ് CMS അഥവാ Content Management System എന്ന് വിശേഷിപ്പിക്കുന്നത്. കണ്ടന്റിനേയും ഡിസൈനിനേയും വേറെ വേറെ കാണുന്നതിനാല്‍ ഒന്നിന് കോട്ടം തട്ടാതെ മറ്റേതു കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നു. കൂടാതെ വെബ് സാങ്കേതിക വിദ്യയിലെ പുതു പുത്തന്‍ പ്രവണതകള്‍ ലളിതമായി കൂട്ടിച്ചേര്‍ക്കുവാനും ഇവയിലൂടെ സാധിക്കുന്നു.

ഇന്ന് ഒരു വെബ് സൈറ്റ് ഉണ്ടാക്കുവാന്‍ ധാരാളം സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉണ്ട്. മൈക്രോ സോഫ്റ്റ് ഫ്രോന്റ്പജ് , അഡോബ് ഡ്രീം വീവേര്‍ എന്ന് തുടങ്ങി ആ ലിസ്റ്റ് നീളുന്നു. പക്ഷെ ഇവയൊന്നും സൌജന്യമല്ല, ലൈസെന്‍സ് ഉള്ളവ ആയതിനാല്‍ രൂപ എണ്ണി കൊടുക്കണം. മാത്രമല്ല ഇവയില്‍ വര്‍ക്ക് ചെയ്യുവാന്‍ അത്യാവശ്യം ഡിസൈന്‍ ചെയ്യുവാനുള്ള കഴിവും HTML Authoring സ്കില്ലും ആവശ്യമാണ്. അല്ലെങ്കില്‍ പ്രൊഫഷണല്‍ ഡിസൈനര്‍മാരുടെ സേവനം തേടണം. ഇഷ്ടപ്പെടുന്ന ഒരു തീമിലേക്ക് വരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഇതെല്ലം ചെയ്തിട്ട് ഈ വെബ് ഡോകുമെന്റുകളെല്ലാം ഒരു സെര്‍വര്‍റിലേക്ക് എത്തിച്ച് ഒരു ഡൊമൈന്‍ പേരു കൂടി കൂട്ടിചെര്‍ത്താലേ ബ്രൌസ് ചെയ്യാന്‍ പാകത്തില്‍ എത്തുകയുള്ളൂ.


ഇനിയാണ് പ്രശ്നം. എന്തെങ്കിലും പുതിയ വിവരങ്ങള്‍ ചേര്‍ക്കുവാനോ ഉള്ളത് തിരുത്തി പബ്ലിഷ് ചെയ്യുവാനോ സാധാരണ ഉപയോക്താവായ സൈറ്റ് ഉടമസ്ഥന് കഴിഞ്ഞുവെന്നു വരില്ല. കാരണം മേല്‍പ്പറഞ്ഞ സാങ്കേതികമായ നടപടികളില്‍ ചിലതിലൂടെ വീണ്ടും കയറിയിറങ്ങേണ്ടി വരും. വെബ് സൈറ്റ് ഉടമസ്ഥന്മാര്‍ എല്ലായ്പോഴും ഇതില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണമെന്നില്ല. ഒരു സ്ഥാപനത്തിന് ഒരു വെബ് സൈറ്റ് ഉണ്ടെങ്കില്‍, അവിടുത്തെ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള, അതായതു MS Word പോലുള്ള ഓഫീസ് പാക്കേജുകളില്‍ പ്രായോഗിക വിവരമുള്ള ഒരു സ്റ്റാഫിന് സൈറ്റ് ബ്രൌസര്‍ വഴി അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കണം. ഇതു സാധ്യമാക്കുകയാണ്‌ CMS അഥവാ കണ്ടന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകള്‍ പ്രാഥമികമായി ചെയ്യുന്നത്. കുടുംബത്തില്‍ ഒരു ജൂംല മാത്രമല്ല, പിന്നെയോ മൈക്രോസോഫ്റ്റ് ഷെയര്‍ പോയിന്റ് പോര്‍ട്ടല്‍ തുടങ്ങി പതിനായിരങ്ങള്‍ വിലയുള്ള ഒരു നിര തന്നെ ഉണ്ട്. അവിടെയാണ് സൌജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുടുംബാംഗങ്ങളായ CMS കള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇവിടെയുമുണ്ട് പല തരം... ജൂംല, PHP Nuke, മാമ്പോ (mambo) , xoops , LifeRay... ഏത് തിരഞ്ഞെടുക്കുമെന്നുള്ളത് അവരവരുടെ വ്യക്തിപരമായ ഇഷ്ടവും ഇവ തരുന്ന സൌകര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.


എളുപ്പം പഠിച്ചെടുക്കാന്‍ കഴിയുന്ന തരം യൂസര്‍ ഇന്റര്‍ഫേസ്, പതിനായിരക്കണക്കിന്‌ റെഡി മെയിഡ് ഡിസൈനുകള്‍, ചിത്രങ്ങളും വീഡിയോ പോലുള്ള മറ്റു മീഡിയ ഫയലുകളും കോര്‍ത്തിണക്കുവനുള്ള സൌകര്യം ഇവയൊക്കെയാണ് ജൂംലയെ പ്രിയപ്പെട്ട CMS ആക്കി മാറ്റുന്നത്. 2007 ലെ Packt Publishing ന്റെ ബെസ്റ്റ് ഓപ്പണ്‍ സോഴ്സ് CMS അവാര്‍ഡ് കരസ്തമാക്കിയതും ജനപ്രിയത കൊണ്ടു തന്നെ. ജൂംലയുടെ കാര്യ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു പാട് പ്രോഗ്രാമ്മര്‍മാര്‍ തങ്ങളുടെ വക സംഭാവനകള്‍ ജൂംല എക്സ്റ്റന്‍ഷന്‍ രൂപത്തില്‍ നല്കി വരുന്നു. ഏകദേശം 4100 -ല്‍ പരം ഇത്തരം സംഭാവനകള്‍ http://extensions.joomla.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഇവയെല്ലാം ഉപയോഗിച്ചു ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് എല്ലാ പ്രത്യേകതകളോടും കൂടി തയ്യാര്‍ ചെയ്യുവാന്‍ ഒരു ജൂംല CMS വിദഗ്ധന് രണ്ടു മണിക്കൂര്‍ ധാരാളമാണ്.


ഒരു ഹോബിയായി ജൂംല സൈറ്റുണ്ടാക്കി എന്തൊക്കെ ചെയ്യാം? നിങ്ങള്‍ക്ക് ലോകത്തോട്‌ പറയാനുള്ളതെല്ലാം ഇതിലൂടെ പറയാം. പിന്നെ നിങ്ങളുടെ സൈറ്റിനെ ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ആയി വളര്‍ത്തിയെടുക്കാം ! സൌകര്യം ജൂംലയില്‍ അടിസ്ഥാനപരമായ ഒരു വിശേഷത ആണ്. മറ്റുള്ളവര്‍ വന്നു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ super administrator ആയ നിങ്ങള്‍ക്ക് അവരെ സാധാരണ യൂസര്‍ ആയോ, author ആയോ, എഡിറ്റര്‍ ആയോ, publisher ആയോ, മാനേജര്‍ ആയോ അതുമല്ലെങ്കില്‍ administrator ആയോ പ്രോമോട്ട് ചെയ്യാവുന്നതാണ്. ഇങ്ങനെ ഉള്ളവര്‍ക്ക് മാത്രം കാണുന്ന തരത്തില്‍ ചില പേജുകള്‍ തയ്യാറാക്കുകയും ചെയ്യാം. ഇവര്‍ക്കെല്ലാം ഒറ്റയടിക്ക് ഒരു മെസ്സേജ് അയക്കുവാനും ജൂംല വഴി കഴിയും. author മുതല്‍ മുകളിലോട്ട് ഉള്ളവര്‍ക്ക് ജൂംല സൈറ്റില്‍ കണ്ടന്റ് പേജുകള്‍ തയ്യാര്‍ ചെയ്യുവാന്‍ കഴിയും. പക്ഷെ അത് പബ്ലിഷ് ചെയ്യണമെങ്കില്‍ കുറഞ്ഞ പക്ഷം പബ്ലിഷര്‍ അധികാരമെങ്കിലും ഉള്ള യൂസര്‍ ആയിരിക്കണം. സൈറ്റിന്റെ പോപ്പുലാരിറ്റി ജൂംലയിലൂടെ തന്നെ അറിയുകയും ചെയ്യാം. ഏതൊക്കെ പേജുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത് ഇവയൊക്കെ ജൂംലയിലൂടെ തന്നെ മനസിലാക്കാം. യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതിനാല്‍ ഏതു ഭാഷയിലും ബ്ലോഗുകള്‍ ഉണ്ടാക്കാനും ജൂംല ഉപയോഗിക്കാം.


ഇത്രയൊക്കെ ആയില്ലേ... ഇനി നിങ്ങളുടെ സൈറ്റില്‍നിന്നും ചെറിയ രീതിയില്‍ ഒരു വരുമാനം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പക്ഷെ ഇതിന് മുന്‍പ് സൈറ്റിനെ പരമാവധി പോപ്പുലര്‍ ആക്കണം. ഇതിനായി നിങ്ങളുടെ സൈറ്റിന്റെ സെര്‍ച്ച് എന്‍ജിന്‍ പ്രത്യക്ഷത കൂട്ടേണ്ടതുണ്ട്. അതുപോലെ മറ്റു പ്രധാനപ്പെട്ട സൈറ്റുകളില്‍ നിന്നും ലിങ്ക് ചെയ്യിപ്പിക്കുന്നതും ഗുണം ചെയ്യും. ഇതൊക്കെ നമ്മുടെ സൈറ്റിലേക്കുള്ള ട്രാഫിക് വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. മാസാമാസം ഉള്ള സൈറ്റ് ട്രാഫിക് സ്റ്റാറ്റസ് നിങ്ങളുടെ സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയോട് ആവശ്യപ്പെടുവാന്‍ കഴിയും. തരക്കേടില്ലാത്ത visitor കൌണ്ട് ലഭിച്ചു കഴിഞ്ഞാല്‍ ഗൂഗിളിന്റെ ആഡ് സെന്‍സ് പദ്ധതിയില്‍ ചേര്‍ന്ന് വരുമാനം നേടാം. എത്രത്തോളം വരുമാനം ലഭിക്കമെന്നുള്ളത് എത്രത്തോളം നിങ്ങളുടെ സൈറ്റ് പോപ്പുലാരിറ്റി ഉണ്ടെന്നുള്ളതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് vidyasoochika.co.in എന്ന ഉന്നത വിദ്യഭാസത്തെകുറിച്ചുള്ള സൈറ്റില്‍ ഗൂഗിള്‍, ഉന്നത വിദ്യാഭാസ സ്ഥാ‍പനങ്ങള്‍ നല്കിയ അവരുടെ പരസ്യങ്ങള്‍ കാണിക്കുന്നു. ഇതില്‍ ഒരു visitor ക്ലിക്ക് ചെയ്തു ആ പരസ്യ ദാതാവിന്റെ വെബ് സൈറ്റിലേക്കു പോകുമ്പോള്‍ ഗൂഗിള്‍ ആ പരസ്യദാതാവിന് ഒരു തുക ചാര്‍ജ് ചെയ്യുന്നു, കാരണം അവരുടെ വെബ് സൈറ്റിലേക്കു ഒരു വിസിറ്ററെ ഗൂഗിള്‍ എത്തിച്ചല്ലോ. പക്ഷെ ഈ പരസ്യം ഡിസ്പ്ലേ ചെയ്തത് എവിടെയാണ്? vidyasoochika.co.in എന്ന സൈറ്റിലും ! അതിനാല്‍ പരസ്യദാതാവില്‍ നിന്നും ഗൂഗിളിനു കിട്ടുന്ന തുകയുടെ ഒരു ഭാഗം മേല്‍ പറഞ്ഞ സൈറ്റിന്റെ ഉടമസ്ഥനും ഗൂഗിള്‍ നല്കുന്നു. ഇക്കാര്യത്തില്‍ ഗൂഗിളിന്റെ വിശ്വസനീയത ഒന്നു വേറെ തന്നെയാണ്.


ഇനി ഗൂഗിളിന്റെ gmail.com എന്ന പോപ്പുലര്‍ മെയില്‍ സര്‍വീസ് നിങ്ങളുടെതായി ബ്രാന്‍ഡ് ചെയ്യാം. അതായതു നിങ്ങളുടെ ഡോമൈനിനു വേണ്ടി മെയില്‍ സര്‍വീസ് gmail.com ഉപയോഗിച്ചു തുടങ്ങാം. സ്വന്തം ഡൊമൈനില്‍ ഇമെയില്‍ വിലാസം ഉള്ളതിന്റെ പ്രൌഡി ആസ്വദിക്കാം. ഇതു ഫ്രീയായും പൈഡ് സര്‍വീസ് ആയും ലഭ്യമാണ്.


ജൂംല ഹോസ്റ്റ് ചെയ്യുവാന്‍ സഹായിക്കുന്ന കമ്പനികള്‍ വഴി ആര്‍ക്കും തങ്ങളുടെ ഇഷ്ട വിഷയത്തെ കുറിച്ചു വെബ് സൈറ്റ് തുടങ്ങുവാന്‍ കഴിയും. പക്കേജുകളില്‍ സപ്പോര്‍ട്ട് സര്‍വീസ് ഉണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിള്‍ ആഡ്‌സെന്‍സ്‌ കൂടി ഉള്‍പ്പെടുത്തുവാന്‍ ആദ്യം സൈറ്റ് പോപ്പുലര്‍ ആക്കേണ്ടി വരും. എങ്കില്‍ മാത്രമെ ഈ സൌകര്യം ഗൂഗിളില്‍ നിന്നും അനുവദിച്ചു കിട്ടുകയുള്ളൂ. കേരളത്തില്‍ വേണാട് വെബ് സൊലൂഷന്‍സ് www.venadweb.info എന്ന പ്രസ്ഥാനം ജൂംല മാത്രം ഹോസ്റ്റ് ചെയ്യുവാന്‍ സഹായിക്കുന്നവരാണ്. മാത്രമല്ല ജൂംലയില്‍ വിദഗ്ധ സപ്പോര്‍ട്ടും ഇവര്‍ തരുന്നു. 1500 രൂപ മുതല്‍ തുടങ്ങുന്ന പാക്കേജുകള്‍ ഇവര്‍ക്കുണ്ട്. palliativecarekollam.org , stbckollam.org, sreenarayanakendra.org തുടങ്ങി ഇവര്‍ മാനേജ് ചെയ്യുന്ന 20-ഓളം സൈറ്റുകള്‍ ജൂംല ഉപയോഗിച്ചുള്ളവയാണ്. മറ്റൊരു പ്രൊഫഷണല്‍ ജൂംല ഹോസ്റ്റ് ആണ് www.siteground.com.


കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എല്ലാം വെബ്സൈറ്റ് ജൂംല ഉപയോഗിച്ചുള്ളവയാണ്. ഇവ തയ്യാറാക്കിയത് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ National Informatics Centre ന്റെ കേരള സ്റ്റേറ്റ് സെന്റെറില്‍ ആണ്. ഈ ലേഖകന്‍ ഇവിടെ സീനിയര്‍ സിസ്റ്റം അനലിസ്റ്റ് ആയി സേവനം അന്ഷ്ഠിക്കുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ഇന്റര്‍ നെറ്റിനു തന്നെ വലിയ ഒരു മുതല്ക്കൂട്ടാവുകയാണ്...അക്കൂട്ടത്തില്‍ ജൂംലയും.


വാല്‍ക്കഷണം: അടുത്ത മുക്കിലെ പെട്ടിക്കടക്കാരന്‍ കുട്ടപ്പന്‍ നാളെ വെബ് സൈറ്റ് തുടങ്ങിയാല്‍ ഉറപ്പിക്കാം... ഇടവേളകളില്‍ കക്ഷി ഒരു ബുക്ക് വായിക്കുന്നത് കാണാം.... ജൂംല മേഡ് ഈസി !


3 അഭിപ്രായങ്ങൾ:

വിനോദ് എ ആർ പറഞ്ഞു...

dear indu,
blog vaayichu.
valare informative aayirunnu..
iniyum itharam vivarangal ezhuthuka...
vinod a.r.

Jyothilakshmi പറഞ്ഞു...

Sir,
'Jhoomla Enna Sundari' was really informative. Also ur style of narration is very interesting.
Expecting more...
Jyothilakshmi

maria martin പറഞ്ഞു...

fantastic post!!

Buy Essay | Buy Thesis | Custom Dissertation

New song released on 19.9.2021 Rakkinavil Vanna Neeyaru... by Saritha Rajeev Lyrics - Ramesh Kudamaloor  Music - Indusekhar M S