05 സെപ്റ്റംബർ 2015

കല്ലുമീ മുള്ളും അയ്യപ്പ ഭക്തിഗാനം



ഞാൻ എഴുതി സംഗീതം നല്കിയ യ ഒരു അയ്യപ്പ ഭക്തി ഗാനം ഇവിടെ ഷെയർ ചെയ്യുന്നു... അഭിപ്രായം അറിയിക്കുമല്ലോ. 

കല്ലുമീ മുള്ളുംതള്ളിയീയുള്ളംതുള്ളി വന്നെത്തീ സ്വാമിയേ

തന്നിടാം ഞാനും എൻ മനം നിന്നിൽ 

നല്ലതായ് മാറ്റീടേണമേ

വന്നിടും നാനാജാതി മതസ്ഥരും 

നീയല്ലോ ശരണം അയ്യപ്പാ.. 

കുളിരല തഴുകും മന്ത്രങ്ങൾ കൌതുകമേകും പമ്പക്കും

അയ്യാ നിന്നെ കാണാൻ കൊതിയായി 

പതിനെട്ടാം പടി കയറുമ്പോൾ ഉടയട്ടങ്ങനെ മുട്ടെല്ലാം 

അയ്യപ്പാ നീ തരണം വരമെല്ലാം                        [ കല്ലുമീ മുള്ളും

 

ഇരുമുടിയഴകിൽ സന്നിധിയിൽ നിറമിഴിയേകും നിറവോടെ 

സ്വാമീ ശരണം മന്ത്രം നിറയുന്നു 

നെയ്യഭിഷേകം തുടരുമ്പോൾ 

ഉള്ളറിവെന്നിൽ പടരുമ്പോൾ 

അയ്യപ്പാ നീ ശരണം അടിയന്ന്                            [ കല്ലുമീ മുള്ളും


12 മേയ് 2015

ഞാൻ സംഗീതം ഒരുക്കിയ 'പൊന്നു തൊട്ട ചെമ്പക പൂവ് ...' എന്ന ഗാനം ഇവിടെ ഷെയർ ചെയ്യുകയാണ് . ശ്രീ. രമേശ്‌ കുടമാളൂർ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഞങ്ങൾ ചേർന്ന് ഒരുക്കിയ രണ്ടാമത്തെ ഗാനമാണിത്. ആലാപനം‌ രേഷ്മ രാഘവേന്ദ്ര.




അഭിപ്രായം അറിയിക്കുമല്ലോ ....

ഇന്ദുശേഖർ  എം. എസ്.

23 ഡിസംബർ 2014

ഉണരുമീ ഗാനം

-ഇന്ദുശേഖര്‍ എം. എസ്സ് .,
Tel: 9847916613
indusekhar@gmail.com

ബാല്യത്തിൽ എന്റെ മനസ്സിൽ കുടിയേറിയ ഒരുപാട് പാട്ടുകൾ ഉണ്ട് . പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും..., മാടപ്രാവേ വാ..., കുറുമൊഴി മുല്ലപ്പൂവേ..., ഓണപ്പൂവേ..പൂവേ..., ആയില്യം പാടത്തെ പെണ്ണേ മുതലായവ... വർഷങ്ങൾക്കു ശേഷമാണ് തിരിച്ചറിയുന്നത്‌ ആ ഗാനങ്ങളെല്ലാം ഒരുക്കിയത് ബംഗാളിയായ സംഗീത സംവിധായകൻ ശ്രീ. സലിൽ ചൌധരി ആണെന്ന് . ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ശ്രവിക്കുമ്പോൾ ഇപ്പോഴും അത്ഭുതവും ആവേശവും ഉണ്ടാകാറുണ്ട്. ഒരു വാട്ടർ മാർക്കു പോലെ തന്റെ കയ്യൊപ്പ് എല്ലാ ഗാനങ്ങളിലും സന്നിവേശിപ്പിക്കുവാൻ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളുടെ സൃഷ്ടി ഒരു കൌതുകമായ് മനസ്സിൽ അന്നേ തോന്നിയിരുന്നു. ഒരു ഭക്തിഗാനം സ്വന്തമായി രചിച്ചു സംഗീതം ചെയ്യുവാനും മലയാളത്തിന്ടെ പ്രിയ ഗായകരിലൊരാളായ ശ്രീ. ജി. വേണുഗോപാലിനെക്കൊണ്ട് അത് പാടിപ്പിക്കുവാനും ഈശ്വരാനുഗ്രഹത്താൽ എനിക്ക് സാധിച്ചതിന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കു വയ്ക്കുകയാണ്.

ഒരിക്കൽ ആകാശവാണിയിൽ സംഘഗാന മത്സരത്തിൽ ഒരു അംഗമായി പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആദ്യമായി ഒരു പാട്ട് വാദ്യ സമ്മേളനത്തോട് കൂടി ഒരുക്കിയെടുക്കുന്നതിനു സാക്ഷി ആയത് . മലയാള സിനിമാ ഗാനങ്ങളുടെ രാഗം തിരിച്ചുള്ള ഒരു പട്ടിക ഉപയോഗിച്ച്‌ ഒരേ രാഗത്തിലുള്ള പാട്ടുകൾ കീബോർഡിൽ പു:നസൃഷ്ടിക്കൽ ഒരു ശീലമാക്കി. ഈണവും വിരലുകളും തമ്മിലുള്ള ദൃശ്യ ബന്ധം സാധ്യമായതോടെ ഏതു പാട്ടിനെയും വിരലനക്കങ്ങളായി മാറ്റുവാൻ കഴിഞ്ഞു. ഒരു നിശ്ചിത താളക്രമത്തിന്റെ അകമ്പടിയിൽ ഏതെങ്കിലും ഒരു രാഗത്തിൽ സംഗീതശകലം സൃഷ്ടിക്കാമെന്നായി.
ഈ ആത്മവിശ്വാസം ഷണ്മുഖപ്രിയ രാഗത്തിൽ  പല്ലവി, അനുപല്ലവി, ചരണം എന്നീ ഗാന ഘടകങ്ങളുടെ സൃഷ്ടിയിലേക്കാണു ചെന്നെത്തിയത്‌. ഈ ഈണം മനസ്സിൽ തങ്ങി നിൽക്കുവാൻ തുടങ്ങിയതോടെ അതിനു ചേരുന്ന വരികൾ ഒരു അയ്യപ്പ ഭക്തിഗാനമായ്‌ അക്ഷര രൂപം പ്രാപിച്ചു. പക്ഷേ പല്ലവി മാത്രമെ തൃപ്തികരമായി ഏഴുതുവാൻ കഴിഞ്ഞുള്ളൂ, ബാക്കി എഴുതുന്നതിനു മുൻപ്‌ ഹിന്ദോളത്തിന്റെ  വശ്യതയിൽ മനസ്സുടക്കി.

സ ഗ മ ധ നി സ യിൽ കോർത്തെടുത്ത രാജഹംസമേ.., ഇന്ദ്ര നീലിമയോലും.., വെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ.. തുടങ്ങി ഒരു പാട്‌ മനോഹരമായ മലയാള സിനിമാഗാനങ്ങൾ ഹിന്ദോള രാഗത്തിലുണ്ട്‌. ഇതിൽ ഒരു ഈണം സൃഷ്ടിക്കാനുള്ള ശ്രമം വളരെ വേഗം ഫലം കണ്ടു. അപ്പോൾ തന്നെ മൊബൈലില്‍ റെക്കോഡ്‌ ചെയ്യുകയും പലവുരു കേൾക്കുകയും ചെയ്തപ്പോൾ വാക്കുകൾക്കു വേണ്ടിയുള്ള തിരച്ചിലിനു മനസ്സ്‌ പാകമായി. 'പാകമായൊരാ മാനസങ്ങളും പാടി വാഴ്ത്തുന്നു നിന്നെ..'  എന്നു തുമ്പറ ദേവിയെക്കുറിച്ച്‌ പിന്നീട്‌ എഴുതിക്കൊണ്ടാണു ആ തിരച്ചിൽ അവസാനിച്ചത്‌. ബാലഭാവമായ്‌ എന്നു തുടങ്ങുന്ന ആ ഗാനം പൂർത്തിയായപ്പോൾ തന്നെ രണ്ടു കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചു... വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഈ ഗാനം അണിയിച്ചൊരുക്കണമെന്നും അത്‌ ആലപിക്കേണ്ടത്‌ ശ്രീ. ജി. വേണുഗോപാൽ  ആയിരിക്കണമെന്നും


2012 ലെ എം ആർ എ സുവനീറിൽ ഈ ഗാനം പ്രസിദ്ധീകരിച്ചതിനു ശേഷം ശ്രീ. അജയൻ നാദോപാസനയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ചാത്തന്നൂരിലെ വസതിയിൽ പല പ്രാവശ്യം ഇരുന്ന് ഓർക്കസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു.

ഇതിനു വേണ്ടിയുള്ള ആദ്യ ദിവസ്സത്തെ നല്ല നിമിത്തങ്ങൾ ഇപ്പോഴുമോർക്കുന്നു. തുമ്പറ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ട്‌ ഇതിനായി തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ കാത്തു നിൽക്കുവാൻ പറഞ്ഞു കൊണ്ടു പൂജാരി വീണ്ടും ശ്രീ കോവിലിൽ കയറി കുറച്ചു പുഷ്പങ്ങൾ പൂജിച്ചു കൊണ്ടു വന്നു. ഇതു പോക്കറ്റിൽ സൂക്ഷിക്കാൻ പറയുകയും ചെയ്തു. അജയന്റെ വീട്ടിലെത്തി കുറച്ച്‌ അദ്ദേഹത്തിനും കൈമാറിയിട്ടാണു ഞങ്ങൾ പാട്ടിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്‌. തബലയും ഓടക്കുഴലും ഒഴികെയുള്ള ഉപകരണങ്ങൾ പ്രൊഫഷണല്‍ സ്റ്റുഡിയോ സോഫ്ട് വെയറിലും ഗാനം എന്റെ ശബ്ദത്തിലും റെക്കോഡ്‌ ചെയ്തു, സ്റ്റുഡിയൊ മിക്സിങ്ങിനു വേണ്ടിയുള്ള ട്രാക്ക്‌ ഫയലുകളാക്കി സീഡീയിൽ സൂക്ഷിച്ചു. അടുത്ത കടമ്പ വേണുഗോപാൽ എന്ന ഗായകനിലേക്ക്‌ ഈ പാട്ടുമായെത്തുക എന്നതാണ്. അദ്ദേഹത്തിന്റെ മൊബൈലിലേക്ക് രണ്ടും കൽപ്പിച്ച്‌ ഒരു ദിവസം വിളിക്കുന്നു. പ്രതികരണം ആശാവഹമായിരുന്നു..ഇന്ദുശേഖർ ഞാൻ ഇപ്പോൾ ചെന്നൈയിലാണു..രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരും.. അപ്പോൾ വിളിക്കുക. വേണു നാദം കേട്ടു തുടങ്ങുകയായിരുന്നു.

മൂന്നാം ദിവസം വിളിച്ചപ്പോൾ ശരിക്കും ഞെട്ടി! പാട്ടൊന്നു പാടി കേൾപ്പിക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം! എന്റെ മറുപടി വരും മുമ്പേ വീണ്ടും വേണുനാദം.. ഈ വിഷു കഴിഞ്ഞു പോരെ റെക്കോഡിംഗ്‌? പിന്നെന്താ.. ധൃതിയില്ല..വേണുവേട്ടാ.. പാട്ട് ഞാൻ ഈ മെയിലിൽ അയച്ചു തരാം.... ഫോണിൽക്കൂടിയുള്ള പാടിക്കേൾപ്പിക്കലിൽ നിന്നും മുങ്ങാനുള്ള ശ്രമം വിജയിച്ചു... ഈ മെയില്‍ എസ്‌ എം എസില്‍ എത്തി.. ആത്മവിശ്വാസം കൂടി.. അന്ന് രാത്രി തന്നെ ഓർക്കസ്ട്രയോടെ ഞാൻ പാടിയതും വരികള്‍ സ്കാന്‍ ചെയ്ത ഫയലും അദ്ദേഹത്തിനു അയച്ചകൊടുത്തു. അടുത്ത ദിവസം രാവിലെ ആശങ്കയോടെയും ആകാംക്ഷയോടെയും അദ്ദേഹത്തെ വിളിക്കുന്നു. ഇന്ദൂ.. ഞാൻ മെയിൽ കണ്ടില്ല.. നോക്കട്ടെ.. ആകാംക്ഷ കുറഞ്ഞു... ആശങ്ക കൂടി.. ഓഫീസിലെത്താറായപ്പോൾ വിളിച്ചു. മറുപടി ഇങ്ങനെ ആയിരുന്നു.. പാട്ടു കേട്ടു മെയിലില്‍ റിപ്ലൈ ചെയ്തിട്ടുണ്ട് ... എങ്ങനെയുണ്ട് വേണുവേട്ടാ.. എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. ഹിന്ദോളത്തിന്റ സസ്പെൻസും കൗതുകവുമെല്ലാം ആ വാക്കുകളിലുണ്ടായിരുന്നു. ഏതായാലും മെയിൽ നോക്കുന്നത്‌ വരെ ഒരു സമാധാനം. ആകാംക്ഷയും ആശങ്കയും ലേശം കൂടിയിട്ടുണ്ടിപ്പോൾ. ഓഫീസിലെത്തി പെട്ടെന്നു തന്നെ ഈമെയിൽ പരിശോധിച്ചു. ഗുഡ്‌ സോങ്ങ്‌ ഇന്ദുശേഖർ.. പ്ലീസ്സ് കാൾ.. ഉടനെ തന്നെ വിളിച്ചു.. വേണുവേട്ടാ.. എനിക്കൊന്നു കാണണമായിരുന്നു.. അതിനെന്താ.. നാളെ മുഴുവൻ സമയവും ഞാൻ വെള്ളയമ്പലത്തുള്ള ഐറിസ്‌ ഡിജിറ്റൽ സ്റ്റുഡിയോയിലുണ്ട്‌. എപ്പോൾ വന്നാലും കാണാം. പിറ്റേന്നു തന്നെ സുഹൃത്തായ ഹരിയോടൊപ്പം വൈകുന്നേരത്തോടെ അങ്ങോട്ട്‌ തിരിച്ചു.

ഹരിയുടെ സീനിയറായി മാർ ഇവാനിയോസ്സിൽ ഉണ്ടായിരുന്ന ഗായകനെ വർഷങ്ങൾക്കു ശേഷം നേരിൽക്കാണാൻ സാധിക്കുന്നതിന്റെ സന്തോഷമാണു ഹരിക്ക്‌. ഐറിസ്സിന്റെ പടി കടന്നപ്പോൾ വേണുഗോപാൽ എന്ന മഹാഗായകൻ ഹസ്തദാനം നൽകി ഞങ്ങളെ സ്വീകരിച്ചിരുത്തി. കുറച്ചു ലോകകാര്യങ്ങൾ പറഞ്ഞ ശേഷം കാര്യങ്ങളിലേക്കു കടന്നു. എനിക്കു പാട്ടിന്റെ റൂട്ട്‌ മനസ്സിലായി. റെക്കോഡിംഗ്‌ ഒരു ഗൾഫ്‌ യാത്ര കഴിഞ്ഞ്‌ ഉടൻ തന്നെ ചെയ്യാം. അതായത്‌ ഏപ്രിൽ പത്തൊൻപതിനു ശേഷം. അന്നാണു ഞാൻ തിരികെയെത്തുന്നത്‌. അപ്പോഴേക്കും സൗണ്ട്‌ എഞ്ചിനിയർ അദ്ദേഹത്തെ തിരക്കിയെത്തി. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഇരുപതാം തീയതി വിളിക്കുമ്പോൾ നാളെ എപ്പോള്‍ വേണമെങ്കിലും റിക്കോര്‍ഡ് ചെയ്യാം എന്ന മറുപടിയാണു കിട്ടുന്നത്‌. സ്റ്റുഡിയോയിൽ തിരക്കിയപ്പോൾ അവിടെയും ഉച്ചവരെ ഫ്രീ ആണെന്നറിഞ്ഞു.. കൊല്ലത്തു നിന്നും ഞാൻ സഹോദരൻ അരുൺശേഖറിനെയും കൂട്ടി കൃത്യ സമയത്ത് തന്നെ ഐറിസ്‌ സ്റ്റുഡിയോയിൽ എത്തി. ഉടൻ തന്നെ വേണുവേട്ടനും എത്തിച്ചേർന്നു. കൺസോൾ റൂമിലിരുന്ന് പാട്ട്‌ പാടി നോക്കിയതിനു ശേഷം വോയിസ്സ്‌ റൂമിലെത്തി, അദ്ഭുതകരമായ ലാഘവത്തോടെ പാട്ട്‌ ഉൾക്കൊണ്ട്‌ അദ്ദേഹം പാടി തുടങ്ങി. ഇടയ്ക്കൊരു വാക്ക്‌ ചെറിയൊരു മാറ്റത്തോടെ പാടിയിട്ട്‌ അങ്ങനെ പാടിക്കോട്ടെ എന്ന് നിഷ്കളങ്കതയോടെ ചോദിച്ച് എന്നോട്‌ അനുവാദം വാങ്ങിയ ആ ഗായകൻ ശരിക്കും മനസ്സിനെ കീഴടക്കുകയായിരുന്നു. ഏതാണ്ട്‌ ഒരു മണിക്കൂറിനുള്ളിൽ തന്റെ ജോലി പൂർത്തിയാക്കി അദ്ദേഹം മടങ്ങി. മഞ്ചു എന്ന ഗായികയെത്തി അവരുടെ ഭാഗവും പൂർത്തിയാക്കി. അതുവരെ കണ്ടിട്ടില്ലാത്ത ആ ഗായിക അജയന്‍ രാവിലെ വിളിച്ച് പറഞ്ഞ പ്രകാരം വന്നു പാടുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു സ്റ്റുഡിയോയിൽ പാട്ടിനു വേണ്ട തബലയും ഫ്ലൂട്ടും റെക്കോഡ്‌ ചെയ്തു. അവസാന മിക്സിങ്ങിനു വീണ്ടും ഐറിസ്സിൽ എത്തി എല്ലാ ട്രാക്കുകളും ഇണക്കി ചേര്‍ത്ത് ബാലഭാവമായ്.. എന്ന ഗാനം ഒരു സീഡീയില്‍ പുറത്തിറങ്ങി. തുമ്പറ ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തുന്ന ഈ ഗാനം തത്ത്വമസി എന്ന എന്റെ വീട്ടിലിരുന്നു കേള്‍ക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതാണ്.
വേണു നാദത്തിന്റെ മുപ്പതാം വാർഷികാഘോഷമായ ഉണരുമീ ഗാനം പരിപാടി നിശാഗന്ധിയിൽ നടക്കുന്നു. അടുത്ത ഗാനം ആലപിക്കുവാനായി കേരളത്തിന്റെ വാനംപാടി തയ്യാറെടുക്കുന്നു. അപ്രതീക്ഷിതമായി ഗാനഗന്ധർവ്വൻ നടന്നു വരുന്നതു കണ്ടപ്പോള്‍ ദാസ്സേട്ടാ.. എന്നു വിളിച്ചുകൊണ്ട്‌ അടുത്തേക്കു ചെന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സാക്ഷാല്‍ യേശുദാസ് എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട്‌ "എന്തോ.." എന്നു സ്നേഹപൂര്‍വം പ്രതിവചിച്ചു. ജഗദീശ്വരന്റെ അനുഗ്രഹം ലഭിച്ചതു പോലെയായി എനിക്കത് . കുറച്ചു നാളുകള്‍ക്ക് ശേഷം ചിത്ര ചേച്ചിയെ കൊല്ലത്ത് നാണി ഹോട്ടലില്‍ വച്ച് കുടുംബസമേതം പരിചയപ്പെടുവാനും സാധിച്ചു. വിധു പ്രതാപിനെയും രാജലക്ഷ്മിയെയും മറ്റൊരു പാട്ടിനുവേണ്ടി സഹകരിപ്പിക്കുവാനും 2014 - ല്‍ അവസരമുണ്ടായി. ഇനിയുമൊരു ഗാനം ജി വേണുഗോപാല്‍ എന്ന ഗായകനു വേണ്ടി രൂപപ്പെട്ടു കഴിഞ്ഞു... ഒരു ഓണപ്പാട്ട് . ബാലഭാവമായ് മേവും തുമ്പറ ദേവിയുടെ അനുഗ്രഹം ഉണ്ടായാല്‍ ... ഉണരുമീ ഗാനം.

New song released on 19.9.2021 Rakkinavil Vanna Neeyaru... by Saritha Rajeev Lyrics - Ramesh Kudamaloor  Music - Indusekhar M S